പന്തളം : നഗരസഭ പരിധിയിലെ ഭൂരിഭാഗം കെട്ടിടങ്ങൾക്കും അനധികൃത നിർമ്മാണം എന്ന സ്റ്റിക്കർ പതിച്ചിട്ടുള്ളതിനാൽ ജനങ്ങൾ ആശങ്കയിൽ ആണെന്നും അത് എത്രയും പെട്ടെന്ന് ദൂരീകരിക്കണമെന്നും ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പന്തളം നഗരസഭ പരിധിയിൽ പെടുന്ന 40 ഓളം റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയാണ് ഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷനാണ് പരാധി നല്കിയത്
ആംഗ്ലയർ ഉപയോഗിച്ച് മെയിൻ്റനൻസ് ചെയ്തിരിക്കുന്ന പഴയ കെട്ടിടങ്ങൾക്ക് പോലും U A ഇട്ടിരിക്കുന്നു.ഭൂരിഭാഗം കെട്ടിട ഉടമകളോടും പുതിയ പ്ലാനും സ്കെച്ചും തയ്യാറാക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നതായും പരാതിയുണ്ട്. എന്നാൽ 2019 ന് മുമ്പായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് പ്ലാനിന്റെ ആവശ്യമില്ല എന്നുള്ളതാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളതെന്നാണ് ഭാരവാഹികൾ പറയുന്നത്
ഈ വിഷയം അടിയന്തിരമായും സുതാര്യമായും പരിഹരിക്കപ്പെടണം.
വ്യാപാര വ്യവസായ സ്ഥാപനങ്ങൾ നഗരസഭയുടെ ലൈസൻസോടെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് അനധികൃത നിർമ്മാണം എന്ന ഗണത്തിൽ പെടുത്തിയിട്ടുള്ളതിനാൽ അത് ക്രമവൽക്കരിക്കാതെ കെട്ടിടത്തിന്റെ കരം അടച്ച ശേഷം ലൈസൻസ് പുതുക്കുന്നതിനുള്ള നിവൃത്തിയില്ലാതെ വന്നിരിക്കുകയാണ്. മാർച്ച് 31 ഓടെ നഗരസഭ നൽകിയിരിക്കുന്ന ലൈസൻസിന്റെ കാലാവധി കഴിയുകയാണ്.
തദ്ദേശസ്വയംഭരണ വകുപ്പ് (ആർ സി ) നമ്പർ 540 / 2019 , തീയതി: 06/ 03 /2019 ഉത്തരവ് പ്രകാരം , കേരള നഗരസഭ ആക്ട് 539 വകുപ്പ് പ്രകാരവും നഗരസഭയ്ക്ക് കിട്ടേണ്ട ഏതെങ്കിലും തുകയുടെ കാര്യത്തിൽ മൂന്നുവർഷം കഴിഞ്ഞാൽ ജപ്തി , വ്യവഹാരം തുടങ്ങിയ യാതൊരു ശിക്ഷ നടപടികളും പാടില്ല എന്ന വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആയതിനാൽ ഇങ്ങനെ ഉണ്ടാകുന്ന കുടിശിക പൂർണമായും ഇളവ് നൽകാവുന്നതാണെന്നും നഗരസഭ ഡയറക്ടർ ശുപാർശ ചെയ്തിട്ടുണ്ട്..
എന്നാൽ കെട്ടിടനികുതി 2016 മുതൽ കുടിശ്ശിക സഹിതം നൽകണമെന്ന് നഗരസഭ ഉദ്യോഗസ്ഥർ നിർബന്ധിക്കുകയാണ്.കൂടാതെ കെട്ടിട ഉടമകൾക്ക് ഡിമാൻഡ് നോട്ടീസ് നൽകുന്നുമില്ല.നഗരസഭ ഉദ്യോഗസ്ഥർ സമയബന്ധിതമായി കരം പിരിക്കാതെ 2016 മുതൽ 2024 വരെയുള്ള കരം , കുടിശ്ശികയും അധികകരവും ഒന്നിച്ചു പിരിക്കുന്നത് നീതീകരിക്കാവുന്നതല്ല.ജനങ്ങളുടെ അജ്ഞത മുതലാക്കി കൂടുതൽ തുക പിരിച്ചെടുത്തത് തിരികെ നൽകുവാനുള്ള നടപടി സ്വീകരിക്കണം.നഗരസഭയിലെ കെട്ടിടങ്ങൾ സംബന്ധിച്ചോ മറ്റു വിവരങ്ങളോ നഗരസഭ ഓഫീസിൽ നിന്നും നഷ്ടമായിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ നഗരസഭ ഉദ്യോഗസ്ഥരാണെന്നും അവർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.
സ്വമേധയാ പൊതു വഴിയിലേക്ക് ഇറക്കി നിർമ്മിച്ചിട്ടുള്ളതും, അതിർത്തി പ്രശ്നങ്ങൾ മൂലമോ ചുരുക്കം ചില കെട്ടിടങ്ങളെ തൽക്കാലം മാറ്റി നിർത്തി മറ്റുള്ള എല്ലാ കെട്ടിടങ്ങൾക്കും കാലപ്പഴക്കവും പരിഗണിച്ച് പരമാവധി കുറഞ്ഞ സംഖ്യ കണക്കാക്കുകയും , പിന്നോട്ടുള്ള 3 വർഷത്തെ ഏറ്റവും കുറഞ്ഞ കെട്ടിടനികുതി ഈടാക്കി കെട്ടിടങ്ങൾ/ ഭവനങ്ങൾ ക്രമവൽക്കരിച്ച് കൊടുക്കുവാനുള്ള നടപടികൾ സ്വീകരിക്കണം.
പന്തളം പഞ്ചായത്തിന് നഗരസഭയായി ഉയർത്തിയ 2012 കാലഘട്ടം മുതലുള്ള കെട്ടിടനികുതിയും ഉയർന്ന നിലയിലുള്ള ക്രമവൽക്കരണ ഫീസും കൂടി ഒരു ഭാരിച്ച തുക ആകും എന്നതിനാൽ ഒരോ കുടുംബങ്ങളും വളരെ യധികം പ്രയാസപ്പെടുന്നു .ആയതിനാൽ ഭൂരിഭാഗം ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു വിഷയം എന്ന നിലയിൽ യുഎ പരിധിയിൽ ഉൾപ്പെട്ടിട്ടുള്ള കെട്ടിടങ്ങളെ അതിൽ നിന്നും ഒഴിവാക്കി സാമൂഹിക പ്രതിബദ്ധതയും നീതിയും നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ കൈകൊള്ളുവാൻ ആവശ്യപ്പെട്ടു കൊണ്ടാണ് നിവേദനം നൽകിയത്.
പ്രസിഡൻറ് ചെറുവള്ളിൽ ഗോപകുമാർ ,സെക്രട്ടറി ഇ എസ് നുജുമുദ്ദീൻ,ട്രഷറർബാബു വർഗീസ് , വൈ റഹിം റാവുത്തർ, ബിജു കെ കൂട്ടം വെട്ടിയിൽ, രാജൻ റാവുത്തർ, പ്രസന്നകുമാർ കൈരളി, രാജു ചെറുകര, വിഷ്ണുരാജ് പന്തളം, നാരായണപിള്ള അമൃത ,ബാബു വർഗീസ്, പ്രശാന്ത് പറന്തൽ, പ്രൊഫ. അബ്ദുറഹ്മാൻ, പി കെ ചന്ദ്രശേഖര പിള്ള ,പി പി ജോൺ, ബിജു ദാനിയൻ, ശിവരാമൻ നായർ , മേട്ടിൽ ദാനിയൻതുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്







