പത്തനംതിട്ട: എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്ബള ബില്ലുകളും ഇതര ബില്ലുകളും പാസാക്കി എടുക്കുന്നതിന് പ്രിന്‍സിപ്പാള്‍ മാര്‍ക്കുണ്ടായിരുന്ന അധികാരം റദ്ദാക്കിയ നടപടി അടിയന്തരമായി പുന:പരിശോധിക്കണമെന്ന് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി നോണ്‍ വൊക്കേഷണല്‍ ലക്ചറേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
നിരവധി നാളത്തെ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ സ്കൂളുകളിലെ പോലെ എയ്ഡഡ് സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും സ്പാര്‍ക്ക് വഴി ശമ്ബളം നേരിട്ട് മാറ്റിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് ഉത്തരവുണ്ടായത്. ഈ ഉത്തരവാണ് ഇപ്പോള്‍ ധനകാര്യവകുപ്പ് അകാരണമായി റദ്ദാക്കിയിരിക്കുന്നത്.
സ്പാര്‍ക്ക് വഴി ബില്ല് മാറുമ്ബോള്‍ ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടത്തുവാന്‍ കഴിയും എന്നു പറയുന്നത് അബദ്ധജഡിലമാണ്. സ്പാര്ക് സംവിധാനം തെറ്റാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നതിനു തുല്യമാണ് ഈ ഉത്തരവ്. കേരളത്തില്‍ ഒരിടത്തു പോലും യാതൊരു തരത്തിലുള്ള ക്രമക്കേടുകളും നടന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
നിരവധി സംവിധാനങ്ങള്‍ മറികടന്ന് ട്രഷറികളില്‍ നിന്നും ധനകാര്യ വകുപ്പ് ജീവനക്കാര്‍ കോടിക്കണക്കിന് രൂപ കളവ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കുന്നതിനു പകരം എയ്ഡഡ് സ്കൂള്‍ പ്രിന്‍സിപ്പാള്‍മാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കൃത്യമായി മാറുന്ന ശമ്ബളം തടസപ്പെടുത്തുവാനും പ്രിന്‍സിപ്പല്‍ മാരുടെ അധികാരം വെട്ടിച്ചുരുക്കുവാനും ജില്ലാ ഓഫീസുകളില്‍ ജീവനക്കാരുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കാനും മാത്രമേ ഈ ഉത്തരവ് കൊണ്ട് സാധിക്കുകയുള്ളൂ. ഉത്തരവ് റദ്ദാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സെക്രട്ടറി റോജി പോള്‍ ഡാനിയേല്‍ ആവശ്യപ്പെട്ടു.







